ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹ്യചരിത്രം
നാടുവാഴിത്തത്തിനും, ജന്മിത്വത്തിനും, വിദേശാധിപത്യത്തിനുമെതിരെ നടന്ന നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണിത്. ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ പഴശ്ശിയുമായി ബന്ധമുള്ള ഈ മണ്ണിലൂടെ തന്നെ ടിപ്പുവിന്റെ തേരോട്ടങ്ങളും കടന്നുപോയി. ഗ്രാമത്തിന്റെ പടിഞ്ഞാറും കിഴക്കുമായി നീണ്ടുപോകുന്ന റോഡുകള്‍ എന്നിവ പഴയ കാലത്തിന്റെ ചരിത്രസാക്ഷികളാണ്. ബ്രീട്ടീഷ് ആധിപത്യകാലത്ത് അഞ്ചരക്കണ്ടിയില്‍ ബ്രൌണ്‍ സായ്പ് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടത്തിലേക്ക് തലശ്ശേരിയെ ബന്ധിപ്പിക്കുന്ന റോഡും, പഴശ്ശിയെ കീഴ്പ്പെടുത്തുവാന്‍ ബ്രീട്ടീഷ് പട്ടാളത്തിന് സഞ്ചരിക്കാന്‍ നിര്‍മ്മിച്ച തലശ്ശേരി-കൂര്‍ഗ് റോഡും ഇവയില്‍ പ്രധാനങ്ങളാണ്. നായനാര്‍ മുക്ക് മുതല്‍ കുടക്കളം വാടിയില്പ്പീടിക വഴി നീട്ടുര് വരെ നീണ്ടുകിടക്കുന്ന റോഡ് പണ്ടുകാലത്ത് രാജപാതയായിരുന്നു. തലശ്ശേരി-കുര്‍ഗ് റോഡില്‍ ബ്രീട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി ചുങ്കം പിരിച്ചിരുന്ന സ്ഥലമാണ് ഇന്നത്തെ ചുങ്കം എന്നറിയപ്പെടുന്നത്. കോട്ടയം തമ്പൂരാന് കഥകളി അരങ്ങേറ്റം നടത്തിയ സ്ഥലമായിരുന്നു അരങ്ങേറ്റുപറമ്പ്. രണ്ട് നൂറ്റാണ്ടിനുമുമ്പ് പഴശ്ശിയുടെ പടയാളിയായ കൈതേരി കുങ്കനെ ബ്രീട്ടീഷുകാര്‍ തൂക്കിലേറ്റിയ കുഞ്ഞികൂലോം പഴശ്ശിയുടെ വിശ്രമകേന്ദ്രമായിരുന്നു. ജാതി-ജന്മി നാടുവാഴിത്ത കാലഘട്ടത്തില്‍ കോട്ടയം തമ്പുരാനും, അറത്തില്‍ കണ്ടോത്ത് തറവാട്ടുകാരും, കേയിമാരും, വയലളത്തില്ലത്ത് ജന്മിമാരുമായിരുന്നു ഇവിടം അടക്കി വാണിരുന്നത്. അക്കാലത്ത് രാഷ്ട്രീയാന്തരീക്ഷത്തില്‍ ക്രമാനുഗതമായി ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ക്കൊപ്പം എരഞ്ഞോളി, വടക്കുമ്പാട് പ്രദേശങ്ങളും പങ്കുചേരുകയുണ്ടായി. അക്രമപ്പിരിവുകള്‍ അവസാനിപ്പിക്കുക, സാമൂഹ്യദ്രോഹം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ.കെ.ജി.യുടെ നേതൃത്വത്തില്‍ കോട്ടയം കോവിലകത്തേക്കും, കുണ്ടാഞ്ചരി കുഞ്ഞിരാമന് മാസ്റ്ററുടെ നേതൃത്വത്തില്‍ അറക്കല്‍ കണ്ടോത്ത് തറവാട്ടിലേക്കും (കേസരിയുടെ) കര്‍ഷകസംഘത്തിന്റെ ആഹ്വാനപ്രകാരം നടന്ന മാര്‍ച്ചുകള്‍ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. 1957-ല്‍ കമ്മ്യൂണിസ്റ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇതേ അറക്കല്‍ കണ്ടോത്ത് തറവാട് വേദിയായത് ചരിത്രത്തിലെ വിരോധാഭാസം നിറഞ്ഞ യാദൃശ്ചികതയാണ്. കേരളീയ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ധന്യസാന്നിധ്യം, തൊട്ടുകൂടായ്മ, തീണ്ടിക്കുടായ്മ എന്നിവയ്ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് കരുത്തേകി. ഈ കാലയളവില്‍ നിരവധി ശ്രീനാരായണമഠങ്ങള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യ നവോത്ഥാന പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണിലാണ് കോണ്‍ഗ്രസ്സും കര്‍ഷകപ്രസ്ഥാനങ്ങളും വളര്‍ന്നുവന്നത്. തൊഴില്ലായ്മയ്ക്കും പട്ടിണിക്കുമെതിരെ എ.കെ.ജി, കെപി.ആര്.ഗോപാലന് എന്നിവരുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് തലശ്ശേരി സബ്ബ്കളക്ടറുടെ ഓഫീസിലേക്ക് നടന്ന പട്ടിണി ജാഥയില്‍ കൊടിക്കുന്നില്‍ നമ്പി, സി.എം.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു. രണ്ടാം നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി സര്‍ദാര്‍ ചന്ദ്രോത്തിന്റെ നേതൃത്വത്തില്‍ ചുങ്കത്ത് വെച്ച് പോലീസ് വലയം ഭേദിച്ച് മുന്നാട്ടു കുതിച്ച്, തലശ്ശേരി സബ്ബ് കലക്ടര്‍ക്ക് നിവേദനം നല്കിയ മാര്‍ച്ച്, ദേശീയ സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിലെ ഉജ്ജ്വലമായ സമരാനുഭവമായിരുന്നു. ദേശീയ സ്വാതന്ത്യ്രസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിവിധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രഥമസ്ഥാനീയരാണ് അറത്തില്‍ കണ്ടേത്ത് നാണുനമ്പ്യാര്‍, കുണ്ടാഞ്ചരി കുഞ്ഞിരാമന് മാസ്റ്റര്‍, നിട്ടൂര്‍ പി.ദാമോദരന്‍, മൂര്‍ക്കോത്ത് കുഞ്ഞിരാമന് എന്നിവര്‍. 1944-ല്‍ സിംഗപ്പുര്‍ ആസ്ഥാനമാക്കി നേതാജി ആസാദ് ഹിന്ദ് ഗവണ്മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയിരുന്നു അറത്തില്‍ കണ്ടോത്ത് നാണു നമ്പ്യാര്‍. ഇന്ത്യാ ലെജന്‍ഡിന്റെ യൂറോപ്യന്‍ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1937-ല്‍ ന്യൂ ഡര്‍ബാര്‍ ബീഡി വര്‍ക്സില്‍ ആദ്യമായി പണിമുടക്കി നടന്ന സമരം വിജയിപ്പിക്കാന്‍ കര്‍ഷകസംഘത്തിന്റെ ആഹ്വാനപ്രകാരം ഡോ.രാമുട്ടിയുടെ നേതൃത്വത്തില്‍ കാര്ഷികോല്പന്നങ്ങളും വഹിച്ചുകൊണ്ടുള്ള ഒരു ജാഥ സംഘടിപ്പിക്കുകയുണ്ടായി. തൊഴിലാളി കര്‍ഷക-ഐക്യത്തിന്റെ പ്രകടിതരൂപമായിരുന്നു ഈ ജാഥ.
വിദ്യാഭ്യാസ-സാംസ്കാരികചരിത്രം
എരഞ്ഞോളി ഗ്രാമപഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന എരഞ്ഞോളി ഈസ്റ്റ് എല്‍.പി.സ്ക്കൂളായിരുന്നു ഇവിടെ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം. കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്ക്കൂളിന്റെ സ്ഥാപകന്‍ കൂരാഞ്ചി ബാപ്പുഗുരുക്കള്, കൂരാഞ്ചി കുഞ്ഞിക്കണ്ണന് എന്നിവരായിരുന്നു. നിലത്തെഴുത്തില്‍ നിന്നാരംഭിച്ച ഈ സ്ക്കൂളില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ളാസ്സുകളുണ്ടായിരുന്നു. ഏറെക്കുറെ ഇതേകാലയളവില്‍ രൂപീകരിക്കപ്പെട്ട സ്ക്കൂളാണ് വടക്കുമ്പാട് ശ്രീനാരായണ ബേസിക് യു.പി.സ്ക്കൂള്. മാടയില്ലത്ത് പുല്ലമ്പിചാത്തുഗുരുക്കള് ഗുരുകുലമായി സ്ഥാപിച്ച്, സംസ്കൃതം പഠിപ്പിച്ചിരുന്ന നിലത്തെഴുത്തു സ്ക്കൂളായിരുന്നു ഇത്. 1923-ല്‍ ഈ പള്ളിക്കുടം ചാത്തു ഗുരുക്കള്‍ തന്റെ ശിഷ്യനായ ഗോവിന്ദന് മാസ്റ്റര്‍ക്ക് കൈമാറി. പറമ്പത്ത് എല്‍.പി.സ്ക്കൂള് എന്ന പേരില്‍ പിന്നീട് ഈ സ്ക്കുള് അറിയപ്പെട്ടു. ആണ്‍കുട്ടികള്‍ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത്. 1906-ല്‍ കൊങ്കന്‍ ഗുരുക്കള്‍ എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ സ്ക്കൂളാണ് അരങ്ങേറ്റുപറമ്പ് എയിഡഡ് സീനിയര്‍ ബേസിക് സ്ക്കുള്. അരങ്ങേറ്റുപറമ്പില്‍ തന്നെ 1916-ല്‍ കേളുമാസ്റ്റര്‍ സ്ഥാപിച്ച സ്ക്കൂളാണ് അരങ്ങേറ്റുപറമ്പ് സൌത്ത് എല്‍.പി.സ്ക്കൂള്. സാംസ്കാരികരംഗത്ത് തനതായ മുദ്ര പതിപ്പിച്ച പഞ്ചായത്താണ് എരഞ്ഞോളി. പഴയ കോട്ടയം താലൂക്കില്‍പ്പെട്ട ഈ ഗ്രാമത്തിന് ദേശീയ വിമോചനപോരാട്ടങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച നല്ലൊരു സാംസ്കാരിക പൈതൃകമുണ്ട്. മലയാള ചെറുകഥാപ്രസ്ഥാനത്തില് പ്രാതസ്മരണീയനായ വേങ്ങയില്‍ കുഞ്ഞിരാമന് നായരുടെ(കേസരി) ജന്മം കൊണ്ട് ധന്യമായ ഗ്രാമമാണ് എരഞ്ഞോളി. സംസ്കൃതപണ്ഡിതനും തച്ചുശാസ്ത്രവിദഗ്ധനും ഗ്രന്ഥകാരനുമായ വിദ്വാന് എന്‍.കോയിത്തട്ട ജനിച്ചതും ഈ ഗ്രാമത്തിലാണ്. ഒരു ഗ്രാമത്തിന്റെ അഭിമാനമായി ദേശീയ വിമോചനപ്രസ്ഥാനത്തിലൂടെ കരുത്താര്‍ജ്ജിച്ച് കര്‍ഷക-അധ്യാപക പ്രസ്ഥാനങ്ങളുടെ നെടുനായകത്വം വഹിച്ച് ഗ്രാമത്തിന്റെ ഭരണ സാരഥിയായിരുന്ന അതുല്യ വ്യക്തിത്വത്തിനുടമയായ കുണ്ടാഞ്ചരി കുഞ്ഞിരാമന് മാസ്റ്ററെ ഈ ഗ്രാമത്തിനു ഒരിക്കലും മറക്കാനാവില്ല. പഞ്ചായത്തിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുമതത്തില്‍പ്പെട്ടവരും ഇസ്ളാംമതവിശ്വാസികളുമാണ്. അടുത്ത കാലത്തായി ക്രിസ്തുമതവിശ്വാസികളും ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. പുല, വാലായ്മ, തിരണ്ടുകല്ല്യാണം, കാതുകുത്ത്, വണ്ണാത്തി മാറ്റ്, പുടവമുറി, പുളുകുടി, നാല്പ്പതടിയന്തരം, മന്ത്രിച്ചുകെട്ട്, കൊടഞ്ഞുകുളി, ഉഴിഞ്ഞുമാന്തം, അടയാളപ്പണം, മച്ചൂനന്‍ പണം, കെട്ടിക്കുറി തുടങ്ങിയ ആചാരങ്ങള്‍ ഇവിടെ നിലനില്ക്കുന്നു. അരിയിലെഴുത്ത്, നാല്പ്പതടിയന്തിരം, ചോറൂണ്, പേരുവിളി, മന്ത്രിച്ചുകെട്ട് മുതലായ ആചാരങ്ങള്‍ ചില പ്രദേശങ്ങളില്‍ ഇന്നും നിലനില്ക്കുന്നു. വിവിധ സമുദായങ്ങളുടെ ആരൂഢമായിരുന്നു മിക്ക കാവുകളും ക്ഷേത്രങ്ങളും. ഉത്തരകേരളത്തിലെ പ്രധാന കാവുകളിലൊന്നായ ശ്രീനെടുങ്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടോളം തെയ്യകോലങ്ങള്‍ കെട്ടിയാടുന്നു.39-ഓളം തെയ്യങ്ങള്‍ ഇവിടെ കെട്ടിയാടിയിരുന്നതായി പഴയകാലരേഖകള്‍ സൂചന നല്കുന്നു. 101 മടല് ഓലകൊണ്ട് 41 അടി ഉയരത്തില്‍ കെട്ടിയുണ്ടാക്കുന്ന തിരുമുടിയാണ് ഇവിടുത്തെ ഉത്സവത്തിന്റെ പ്രത്യേകത. എരഞ്ഞോളിയിലെ ഒരു ദേശീയ ഉത്സവമാണിത്. തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ധാരാളം കാവുകള്‍ ഇവിടെയുണ്ട്. മലയര്‍, അഞ്ഞൂറ്റര്, മുന്നൂറ്റര്, വണ്ണാന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നത്. എരഞ്ഞോളി ഗ്രാമീണ കലാസമിതിയാണ് പഞ്ചായത്തില്‍ ആദ്യം നിലവില്‍വന്ന കലാസമിതി. ഈ കലാസമിതിയുടെ ആവിര്‍ഭാവത്തിന് നാന്ദികുറിച്ചത് കുടക്കളം ഭാഗത്ത് രൂപംകൊണ്ട ജ്ഞാനോദയ കലാസമിതിയാണ്. 1949 മെയ് 11-ാംതീയതിയാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്.